ന്യൂഡല്‍ഹി: ജെഇഇ-നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബീഹാറില്‍ ജെഇഇ നീറ്റ് പരീക്ഷയെഴുത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് 40 ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ഈ മാസം 15 വരെയാകും സര്‍വീസുകള്‍.
കഴിഞ്ഞ ദിവസം മുംബൈയിലും പരീക്ഷയെഴുതുന്നവര്‍ക്കായി പ്രത്യേക സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചിരുന്നു. ജെഇഇ, നീറ്റ് പരീക്ഷകള്‍ക്ക് പുറമേ, നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്കും സര്‍വീസ് ഉപകരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. സെപ്റ്റംബര്‍ 13നാണ് നീറ്റ് പരീക്ഷ.
അതേസമയം ജെഇഇ നീറ്റ് പരീക്ഷ നടത്തിപ്പിനായി ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പരീക്ഷയ്ക്കായി എത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു. രോഗലക്ഷണങ്ങളില്ലാത്തവരെയാവും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കുക. ആറടി ശാരീരികാകലം പാലിച്ചായിരിക്കണം സീറ്റുകള്‍ ഒരുക്കേണ്ടത്. നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കായി പ്രത്യേക മുറി സജ്ജമാക്കണം.