ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 13ന് നടക്കേണ്ട നീറ്റ് പരീക്ഷ നീട്ടിവയ്ക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇതുസംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കി.
ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രം അനുവദിക്കാന്‍ സാധിക്കില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. ജെഇഇ പരീക്ഷ പോലെ ഗള്‍ഫ് രാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ സാധ്യമല്ല. അത്തരത്തില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കണമെങ്കില്‍ കൃത്യമായ ആസൂത്രണം ആവശ്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി
പരീക്ഷ നീട്ടിവച്ചാല്‍ അക്കാദമിക്ക് കലണ്ടര്‍ തകിടം മറിയും. ഇനിയും വിദ്യാര്‍ത്ഥികളുടെ പ്രവേശനം നീണ്ടുപോയാല്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസമോ, പരിശീലനമോ അവര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഓണ്‍ലൈനായി പരീക്ഷ നടത്താന്‍ സാധിക്കില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.
സെപ്തംബര്‍ 13നാണ് നീറ്റ് പരീക്ഷ നടക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ദേശിയ ടെസ്റ്റിംഗ് ഏജന്‍സി കഴിഞ്ഞദിവസം വാര്‍ത്ത കുറിപ്പ് പുറത്തിറക്കിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തിപ്പിന് ഉള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ അടുത്ത ആഴ്ച പുറത്തിറക്കും എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചു.