സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യം വിദ്യാർഥികൾക്ക് തീരുമാനിക്കാം. പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചാൽ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാർക്ക് പൊതുപരീക്ഷക്ക് നൽകുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
പരീക്ഷ എഴുതണമെന്നാണ് വിദ്യാർഥികളുടെ താത്പര്യമെങ്കിൽ സാഹചര്യം അനുകൂലമാകുമ്പോൾ പരീക്ഷകൾ നടത്തും. മഹാരാഷ്ട്ര, ഡൽഹി, ഒഡീഷ സംസ്ഥാനങ്ങൾ പരീക്ഷ നടത്താനാകില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു.
പരീക്ഷ ഉപേക്ഷിച്ച് ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം പ്രഖ്യാപിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. തുടർന്നാണ് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി നിലപാട് തേടിയത്. പല സംസ്ഥാനങ്ങളിലും പരീക്ഷ നടത്താനുള്ള സാഹചര്യമില്ലെന്ന് സിബിഎസ്ഇ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.