ഏത് നിമിഷവും സമൂഹവ്യാപനമുണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി; അതീവ ജാഗ്രത ആവശ്യമാണ്

സംസ്ഥാനത്ത് ഏത് നിമിഷവും കൊവിഡ് സമൂഹ വ്യാപനമുണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ കൂടുതലാണ്. തിരുവനന്തപുരത്ത് അതീവ ജാഗ്രത ആവശ്യമാണ്. മറ്റ് ജില്ലകളേക്കാൾ ശ്രദ്ധ ഇവിടെ കൂടുതൽ വേണം.

വഞ്ചിയൂർ സ്വദേശിയുടെ മരണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. വിഷയത്തിൽ തിരുവനന്തപുരം കലക്ടറുമായി ആരോഗ്യമന്ത്രി സംസാരിച്ചു. കലക്ടറും ആരോഗ്യ പ്രവർത്തകരും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താനഉള്ള ആന്റി ബോഡി പരിശോധനാഫലങ്ങൾ ക്രോഡീകരിക്കുകയാണ്. ആശങ്ക വേണ്ടെന്നാണ് സൂചനയെന്നും കെ കെ ശൈലജ പറഞ്ഞു. കൊവിഡ് കേസുകൾ കൂടുമെന്ന് നേരത്തെ പ്രതീക്ഷിച്ചതാണ്. എന്നാലും സമ്പർക്കം വഴിയുള്ള രോഗികൾ ഇപ്പോൾ പത്ത് ശതമാനം മാത്രമാണ്. കേരളം പ്രവാസികളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്നു. പക്ഷേ നിബന്ധനകൾ പൂർണമായും പാലിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു

പരിശോധനകളുടെ എണ്ണം വരും ദിവസങ്ങളിൽ വർധിപ്പിക്കും. ക്വാറന്റൈൻ കേന്ദ്രങ്ങൾ പൂട്ടിയിട്ടിട്ടില്ല. കൂടുതൽ സൗകര്യമുള്ള വീടുകൾ കിട്ടിയപ്പോൾ ചില ഹോട്ടലുകളും റിസോർട്ടുകളും ഒഴിവാക്കിയതാണെന്നും മന്ത്രി അറിയിച്ചു.