ഗാൽവൻ നദിക്കരയിൽ സൈനികരുടെ എണ്ണം ഭീമമായി വർധിപ്പിച്ച് ചൈന

അതിർത്തിയിൽ സൈനിക ബലം വർധിപ്പിച്ച് ചൈന. പതിനായിരത്തിലധികം സൈനികര്‍ മേഖലയിലുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.

ജൂൺ 15ന് ഏറ്റുമുട്ടൽ നടന്ന പട്രോൾ പോയിന്‍റ് 14 ൽ ആണ് ചൈനീസ് സൈനികര്‍ തമ്പടിച്ചിരിക്കുന്നത്. ഗാൽവാൻ താഴ് വര ഇന്ത്യയുടേതല്ലെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിചിത്രമായ പ്രസ്താവനക്കു പിന്നാലെയാണ് ഗാൽവൻ നദിക്കരയിൽ സൈനികരുടെ എണ്ണം ഭീമമായി വർധിപ്പിച്ച് ചൈന രംഗത്തെത്തിയത്. സാറ്റലൈറ്റ് ദൃശ്യങ്ങൾ വെളിപ്പെടുത്തിയതനുസരിച്ച് 10,000 ത്തിനു മുകളിലാണ് മേഖലയിലെ സൈനികരുടെ എണ്ണം. നൂറു കണക്കിന് ട്രക്കുകളും സൈനിക വാഹനങ്ങളും ഇവരോടൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഒരു ഭാഗത്ത് കുറ്റപ്പെടുത്തുകയും ഇന്ത്യൻ അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയുമാണ് നിലവിൽ ചൈന ചെയ്യുന്നത്.

അന്താരാഷ്ട്ര കരാറുകൾ ഇന്ത്യയാണ് ലംഘിക്കുന്നതെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനുള്ള മറുപടി എന്നോണം പുറത്തിറക്കിയ ഒടുവിലത്തെ വാർത്താ കുറിപ്പിൽ ചൈന ആരോപിക്കുന്നുണ്ട്. സംഘർഷം ലഘൂകരിക്കാൻ ധാരണയിലെത്തിയതായി ഇരു രാജ്യങ്ങളും അവകാശപ്പെടുന്നുണ്ടെങ്കിലും സുദീർഘമായ പ്രക്രിയ ആയിരിക്കും അതെന്നാണ് ചൈനയുടെ നടപടി ക്രമങ്ങളും നിലപാടും വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *