കൊല്ലത്ത് ഗൂണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തയ സംഭവത്തിൽ എട്ട് പ്രതികൾ പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികളും സഹായിച്ച രണ്ടുപേരും അടക്കം നാലുപേരെയാണ് ആദ്യം പിടികൂടിയത്. പിന്നീട് നാല് പേർ കൂടി കോട്ടയം മുണ്ടക്കയത്ത് നിന്ന് പിടിയിലായി. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അരും കൊലപാതകം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രധാന പ്രതി ഉൾപ്പെടെ ഉള്ളവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. കൊലപാതകത്തിലെ ഗൂഡാലോചന കണക്കിലെടുത്ത് ഇനിയും പ്രതികൾ ഉൾപ്പെടാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. ഗുണ്ടാ ആക്രമണ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.പ്രതികളെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
മുണ്ടക്കയം മുരിക്കുംവയൽ സ്കൂളിന് സമീപത്ത് നിന്നുമാണ് ഈ പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കേസിലെ മുഴുവൻ പ്രതികളെയും ഒന്നിച്ചിരുത്തിയാകും ചോദ്യം ചെയ്യൽ നടക്കുക. കുറ്റകൃത്യത്തിൽ ഇനിയും ആളുകൾക്ക് പങ്കുണ്ടോ എന്ന കാര്യങ്ങളും പൊലീസ് വിശദമായി പരിശോധിക്കും.
ഇന്നലെ പട്ടാപ്പകൽ ഗുണ്ടാ നേതാവിനെ നഗരമധ്യത്തിൽ വെട്ടിക്കൊലപ്പെടുത്തിയത്. ജിം-സന്തോഷ് വധക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഒന്നാം പ്രതി അലുവ അതുലിനെയാണ്കാറിൽ പിന്തുടർന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിന് കൈയ്ക്ക് വെട്ടേറ്റു. കടത്തൂർ- വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. സന്തോഷ് വധകേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്.








