ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തുന്നതിനും പുനരധിവാസം സാധ്യമാക്കുന്നതിനുമായുള്ള ജോലികള്‍ക്കായി സ്‌പെഷ്യല്‍ ടീമിനെ ചുമതലപ്പെടുത്തി. മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ബിനു ജോസഫ് നേതൃത്വം നല്‍കുന്ന 13 അംഗ ടീമിനാണ് ചുമതല.
പെട്ടിമുടിയില്‍ എത്തിയ ടീം വിവരശേഖരണത്തിനാവശ്യമായ നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. നാശനഷ്ടങ്ങളുടെ അടിസ്ഥാന വിവര ശേഖരണം, മരണമടഞ്ഞവരുടെ വിവരശേഖരണം,അനന്തരാവകാശികളെ കണ്ടെത്തല്‍,ധനസഹായവിതരണം വേഗത്തിലാക്കല്‍ തുടങ്ങിയ വിവിധ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ വിവരശേഖരണം ആണ് സ്‌പെഷ്യല്‍ ടീം നടത്തിവരുന്നത്.
സ്‌പെഷ്യല്‍ ടീം 5 ടീമുകളായി തിരിഞ്ഞാണ് വിവര ശേഖരണ ജോലികള്‍ നടത്തുന്നത്.1,2,3 ടീമുകളുടെ മേല്‍നോട്ട ചുമതല ദേവികുളം താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീല്‍ദാരായ അരുണ്‍ എമ്മിനും നാല്, അഞ്ച് ടീമുകളുടെ മേല്‍നോട്ട ചുമതല തൊടുപുഴ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാരായ സക്കീര്‍ കെ എച്ചിനുമാണ് നല്‍കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ ഓരോ ടീമുകളും ദുരന്തം സംബന്ധിച്ചുള്ള ഔദ്യോഗിക രേഖകള്‍, ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നോ ഓഫീസുകളില്‍ നിന്നോ ശേഖരിക്കും. തുടര്‍ന്ന് ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലും ഫീല്‍ഡ് പരിശോധനയിലൂടെയും ഉരുള്‍പൊട്ടലില്‍ മരണപ്പെടുകയോ പരിക്കുപറ്റുകയോ കാണാതാവുകയോ നാശനഷ്ടം സംഭവിക്കുകയോ ചെയ്തിട്ടുള്ള 82 പേരെ സംബന്ധിച്ചുള്ള അടിസ്ഥാന വിവര ശേഖരണം നടത്തുകയും രേഖപ്പെടുത്തുകയും ചെയ്യും.
ശേഷം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗരേഖകള്‍ക്ക് വിധേയമായി നാശനഷ്ടം തിട്ടപ്പെടുത്തുകയും ഓരോ വ്യക്തികള്‍ക്കും ലഭ്യമാക്കേണ്ട ദുരിതാശ്വാസ ധനസഹായം സംബന്ധിച്ചുള്ള രേഖപ്പെടുത്തല്‍ നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായുള്ള വിവിധ ജോലികള്‍ പുരോഗമിച്ച് വരികയാണെന്ന് സ്‌പെഷ്യല്‍ ടീമിന്റെ ചുമതലയുള്ള മൂന്നാര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫ് പെട്ടിമുടിയില്‍ പറഞ്ഞു