വയനാട്ടിൽ ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗണ്‍സിലിംഗിലൂടെ പരിഹരിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികന്‍ പീഡിപ്പിച്ചതായി പരാതി

കമ്പളക്കാട്: വയനാട്ടിൽ ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗണ്‍സിലിംഗിലൂടെ പരിഹരിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികന്‍ പീഡിപ്പിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍ (37) നെ കമ്പളക്കാട് സി.ഐ എം.വി പളനിയും സംഘവും അറസ്റ്റ് ചെയ്തു.

ഫാമിലി കൗണ്‍സിലര്‍ കൂടിയായ വൈദികന്‍ പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബ വഴക്ക് പരിഹരിച്ച് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും ശേഷം യുവതിയേയും ഭര്‍ത്താവിനേയും തമ്മില്‍ കൂടുതല്‍ അകറ്റുകയും ചെയ്തതായി യുവതി പൊലീസിനു മൊഴി നൽകി.യുവതി താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറിയ വൈദികന്‍ യുവതിയെ ബലാല്‍സംഗം ചെയ്തതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എസ്.ഐ രാംജിത്ത്, സീനിയര്‍ സി പി ഒ ദിലീപ് കുമാര്‍, സി പി ഒ കമറുദ്ധീന്‍ എന്നിവരും അറസ്റ്റിന് നേതൃത്വം നല്‍കി.കമ്മന സെന്റ് ജോര്‍ജ്ജ് താബോര്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വൈദികനാണ് ഫാ. ബാബു വര്‍ഗ്ഗീസ്.