സിവില്‍ സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ ഒക്ടോബറില്‍

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷയും ഒക്ടോബര്‍ നാലിന് നടത്തും. പരീക്ഷാ കേന്ദ്രം മാറ്റാനായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കാനും കമ്മീഷന്‍ തീരുമാനിച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാനായി ജൂലൈ 7 മുതല്‍ 13 വരെ വൈകിട്ട് ആറു മണി വരെ അപേക്ഷിക്കാം.

സിവില്‍ സര്‍വീസസ് (മെയിന്‍) പരീക്ഷയുടെയും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (മെയിന്‍) പരീക്ഷയുടെയും പരീക്ഷാ കേന്ദ്രങ്ങളും മാറ്റാന്‍ അവസരമുണ്ടാകും. ജൂലൈ 20 മുതല്‍ 24 വരെ വൈകിട്ട് ആറു മണി വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: upsconline.nic.in.

ഒരു പരീക്ഷാ കേന്ദ്രത്തിന്റെ നിശ്ചിത സീറ്റുകള്‍ നിറഞ്ഞു കഴിഞ്ഞാല്‍ പിന്നീട് അവിടെ അപേക്ഷിക്കാനാവില്ല. കൂടാതെ അപേക്ഷകള്‍ പിന്‍വലിക്കാനുള്ള അവസരവും കമ്മീഷന്‍ നല്‍കുന്നുണ്ട്. ഓഗസ്റ്റ് 1 മുതല്‍ 8 വരെ ഇതിനുള്ള അവസരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഒരിക്കല്‍ അപേക്ഷ പിന്‍വലിച്ചാല്‍, പിന്നീട് ഒരു സാഹചര്യത്തിലും പുനപരിഗണിക്കില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.