രാജസ്ഥാനിൽ പല ഭാഗങ്ങളിലായി ഉണ്ടായ കനത്ത മഴയിൽ രണ്ട് മരണം. വെള്ളക്കെട്ടിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിലായിട്ടാണ് കൂടുതൽ മഴ ലഭിച്ചത്. കോട്ട, സവായ് മധോപൂർ, ടോങ്ക്, ബുണ്ടി എന്നീ എട്ട് ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബുണ്ടിയിലെ നൈൻവയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
ബുണ്ടിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ 50 വയസ്സുള്ള സ്ത്രീയും കൃഷിയിടത്തിലെ ഷെഡിന്റെ മതിൽ തകർന്ന് 65 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. സവായ് മധോപൂരിൽ 30 ലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതായും പ്രധാന നഗരത്തിൽ നിന്ന് ഒറ്റപ്പെട്ടതായും റിപ്പോർട്ടുണ്ട്. തുടർച്ചയായ മഴയും സുർവാൾ അണക്കെട്ടിന്റെ ഷട്ടർ തുറന്നതും വെള്ളപ്പൊക്കത്തിനിടയാക്കി.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) കൂടാതെ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയെയും രക്ഷാപ്രവർത്തനത്തിനായി സജ്ജരാക്കിയിട്ടുണ്ട്. Mi-17 ഹെലികോപ്റ്റർ ഇതിനകം പുറപ്പെട്ടു.