Headlines

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണു; 7 മരണം

ഡൽഹി ജയ്ത്പൂരിലെ ഹരിനഗറിൽ മതിൽ കുടിലുകൾക്ക് മുകളിലേക്ക് ഇടിഞ്ഞു വീണ് ഏഴ് മരണം. മരിച്ചവരിൽ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടും. എട്ടുപേരെ രക്ഷപ്പെടുത്തി. കനത്ത മഴയ്ക്ക് പിന്നാലെയാണ് മതിൽ ഇടിഞ്ഞുവീണത്. കനത്ത മഴയിൽ ഇടിഞ്ഞുവീണ മതിൽ ആളുകൾ താമസിച്ചിരുന്ന കുടിലിന് മുകളിലേക്ക് മറിഞ്ഞു വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ ചിലർ കുടിലുകൾക്കുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചിലരുടെ ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു.

സ്ക്രാപ്പ് വ്യാപാരികൾ താമസിക്കുന്ന കുടിലുകളാണ് ഹരിനഗറിൽ കൂടുതലും. രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് മതിൽ ഇടിഞ്ഞുവീണതെന്നും മഴ തുടരുന്നതിനാൽ ഇനിയും കൂടുതൽ അപകടം ഉണ്ടാകാതിരിക്കാനായി ഇടിഞ്ഞുവീഴാറായ കുടിലുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചെന്നും അഡീഷണൽ ഡിസിപി (സൗത്ത് ഈസ്റ്റ്) ഐശ്വര്യ ശർമ്മ പറഞ്ഞു.

അതേസമയം, കനത്ത മഴയെ തുടർന്ന് പഞ്ച്കുയാൻ മാർഗ്, മഥുര റോഡ്, ശാസ്ത്രി ഭവൻ, ആർകെ പുരം, മോത്തി ബാഗ്, കിദ്വായ് നഗർ എന്നിവയുൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച മഴ ഇന്ന് രാവിലെ വരെ തുടർന്നു, ഇത് നഗരത്തിലുടനീളമുള്ള വാഹന ഗതാഗതത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും ബാധിച്ചു. വീണ്ടും മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലും സുരക്ഷിതമല്ലാത്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.