Headlines

ബിജെപി നേതാവ് സി സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ടവർ നിരപരാധികൾ; കെ കെ രാഗേഷ്

ബിജെപി നേതാവും എംപിയുമായ സി സദാനന്ദന്റെ കാൽ വെട്ടിയ കേസിൽ ശിക്ഷിക്കപ്പെട്ടവർ നിരപരാധികളെന്ന് സിപിഐഎം. സി സദാനന്ദൻ ഉൾപ്പെടെയുള്ളവർ നൽകിയ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ശിക്ഷിച്ചതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു.

കേസിൽ ഇനി നിയമപരമായ നീക്കങ്ങളില്ലെന്നും സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വിശദീകരണ യോഗമെന്നും കെ കെ രാഗേഷ് പറഞ്ഞു. കേസിൽ സദാനന്ദൻ അടക്കമുള്ളവർ നൽകിയത് കള്ള മൊഴികളാണ്. ഇത് കണക്കിലെടുത്തുകൊണ്ടാണ് ശിക്ഷ നടപ്പാക്കിയത് ഇതെല്ലാം നാട്ടിലുള്ളവർക്ക് അറിയാമെന്നും അവരെ കുറ്റവാളികളായി നാട്ടുകാർ കരുതുന്നില്ലെന്നും കെ കെ രാഗേഷ് പറഞ്ഞു.

അതേസമയം, ഈ വരുന്ന തിങ്കളാഴ്ചയാണ് മട്ടന്നൂർ ഉരുവച്ചാലിൽ സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കുക. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജനാണ് ഉദ്ഘാടകൻ. സദാനന്ദൻ വധശ്രമ കേസിലെ പ്രതികൾക്ക് ജയിലിലേക്ക് യാത്രയയപ്പ് നടത്തിയ സംഭവം വലിയ വിമര്‍ശനങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെയാണ് വിശദീകരണ യോഗം.

കെ കെ ശൈലജ ഉൾപ്പെടെയുള്ളവരാണ് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ പ്രതികളെ യാത്ര അയക്കാനെത്തിയത്. സി സദാനന്ദൻ എംപിയുടെ കാൽവെട്ടിയെറിഞ്ഞ കേസിൽ 30വര്‍ഷത്തിനുശേഷമാണ് പ്രതികള്‍ കോടതിയിൽ കീഴടങ്ങിയത്. സുപ്രീം കോടതിയും അപ്പീൽ തള്ളിയതോടെയാണ് സിപിഐഎം പ്രവര്‍ത്തകായ പ്രതികള്‍ കോടതിയിൽ ഹാജരായത്.