ചുമതല പ്രധാനമന്ത്രി നേരിട്ട് വിളിച്ച് ഏൽപ്പിച്ചത്, ലക്ഷ്യം വികസിത ഭാരതം പോലെ വികസിത കേരളം; നിയുക്ത എംപി സി സദാനന്ദൻ

വികസിത ഭാരതം പോലെ വികസിത കേരളമാണ് തന്റെ ലക്ഷ്യമെന്ന് നിയുക്ത എംപി സി സദാനന്ദൻ. ചുമതല പ്രധാനമന്ത്രി നേരിട്ട് വിളിച്ച് ഏൽപ്പിച്ചതാണ്. വികസിത കേരളത്തിനായി പ്രയത്നിക്കും. അക്രമ രാഷ്ട്രീയത്തിന് എതിരായ പ്രതീകമായി അല്ല താൻ പാർലമെന്റിൽ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദങ്ങളോടും വിമർശനങ്ങളോടും പ്രതികരിക്കാനില്ല. വിവാദങ്ങൾ ഉന്നയിക്കുന്നവരോട് നല്ല നമസ്കാരം. അവർക്കും മംഗളം നേരുന്നു. യോഗ്യതകൾ ഉള്ളതുകൊണ്ടായിരിക്കണമല്ലോ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതെന്നും നിയുക്ത എംപി പറഞ്ഞു.

സദാനന്ദൻ ഉള്‍പ്പെടെ നാലുപേരെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിനെ തുടര്‍ന്നാണ് ഇത്. നിലവില്‍ സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റാണ് സദാനന്ദന്‍.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ സദാനന്ദന്റെ രാഷ്ട്രീയ പ്രവര്‍ത്തന മേഖല കൂത്തുപറമ്പായിരുന്നു. 1994 ജനുവരി 25-നുണ്ടായ ആര്‍എസ്എസ്-സിപിഐഎം സംഘര്‍ഷത്തിൽ അദ്ദേഹത്തിന് ഇരുകാലുകളും നഷ്ടമായി. പിന്നീടും വീല്‍ചെയറിലും മറ്റുമായി അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു.

2016-ലും 2021-ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016-ല്‍ സദാനന്ദന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.