തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇനി വിദേശത്തു പോയി ജോലി ചെയ്യാനുള്ള മാനസികാവസ്ഥ മിഥുന്റെ അമ്മ സുജയ്ക്ക് ഉണ്ടാകില്ല, അതുകൊണ്ട് അവർക്ക് നാട്ടിൽ തന്നെ ജോലി നൽകാനുള്ള സാഹചര്യം സർക്കാർ നൽകേണ്ടതുണ്ട്. സ്കൂൾ മാനേജ്‌മെന്റിനെ രക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്ത് ഇന്നലെ സ്കൂൾ മാനേജർ ഉത്തരവിറക്കിയിരുന്നു. എസ് സുജയെയാണ് സസ്പെൻഡ് ചെയ്തിരുന്നത്. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സസ്പെൻഷൻ. സ്കൂൾ മാനേജ്മെന്റിനെതിരെയും വിമർശനം ഉയർന്നിരുന്നു. അപകടത്തിൽ ഉപവിദ്യഭ്യാസ ഡയറക്ടർ, സ്കൂൾ മാനേജ്മെന്റ്, പ്രധാനാധ്യാപിക എന്നിവരുടെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട്.
അതേസമയം മിഥുന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചപ്പോഴാണ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ വെെദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലേക്ക് എത്തിച്ചത്. വൻ ജനാവലിയാണ് റോഡിനിരുവശവും കണ്ണീരോടെ കാത്തുനിന്നത്. മണിക്കൂറുകൾ നീണ്ട വിലാപയാത്രയ്ക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.