ഇന്ത്യൻ ചരിത്രത്തിലാദ്യം; ജനനനിരക്കിൽ വൻ ഇടിവ്, ഭാവിയിൽ ജനസംഖ്യ കുറയാൻ സാധ്യത!

 

ന്യൂഡൽഹി ∙ ഇന്ത്യയിൽ ചരിത്രത്തിലാദ്യമായി ജനനനിരക്കിൽ വൻ ഇടിവ്. ആകെ ജനനനിരക്ക് (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയെത്തിയതായാണ് റിപ്പോർട്ട്.ഒരു സ്ത്രീ പ്രസവിക്കാൻ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണത്തെയാണ് ആകെ ജനനനിരക്കായി രേഖപ്പെടുത്തുന്നത്. ഈ കണക്കനുസരിച്ച് ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്താൻ ആവശ്യമായ തോതിനേക്കാൾ വളരെ കുറവാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ജനനനിരക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറുടെ ഓഫീസ് പുറത്തുവിട്ട 2024-ലെ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (എസ്.ആർ.എസ്) സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് പ്രകാരമാണിത്.1950-ൽ ഒരു സ്ത്രീ ശരാശരി ആറുകുട്ടികൾക്ക് ജന്മം നൽകിയപ്പോൾ ഇന്ത്യയിലെ ജനസംഖ്യ 360 ദശലക്ഷമായിരുന്നു. ഇന്ന് രാജ്യത്ത് 145 കോടിയാണ് ജനസംഖ്യ. 2023-ൽ ചൈനയെ പിന്തള്ളി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി, വളർച്ച തുടരുകയാണ്. എങ്കിലും ഇന്ത്യയുടെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ദേശീയതലത്തിലെ ജനനനിരക്ക് ജനസംഖ്യാ സ്ഥിരത ഉറപ്പാക്കുന്ന 2.1 എന്ന മാനദണ്ഡത്തിനും താഴെയാണെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇനി വരുന്ന വർഷങ്ങളിൽ രാജ്യത്തെ ജനസംഖ്യ വർധിക്കുമെന്നാണ് പ്രതീക്ഷ. ജനനനിരക്ക് വീണ്ടും 2.1-ലേക്ക് ഉയർന്നില്ലെങ്കിൽ ഭാവിയിൽ ജനസംഖ്യയിൽ കുറവുണ്ടാകാനുളള സാധ്യത ഏറെയാണ്. രാജ്യത്ത് ഏറ്റവും ഉയർന്ന ജനനനിരക്ക് രേഖപ്പെടുത്തിയത് ബിഹാറിലാണ് (2.9). ഉത്തർപ്രദേശ് (2.6), മധ്യപ്രദേശ് (2.4), രാജസ്ഥാൻ (2.3) എന്നിവയാണ് കണക്കനുസരിച്ച് തൊട്ടുപിന്നാലെയുള്ള സംസ്ഥാനങ്ങൾ. അതേസമയം, രാജ്യത്ത് ഏറ്റവും കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തിയത് ഡൽഹിയിലാണ് (1.2). തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ 1.3 ആണ് ജനനനിരക്ക്. ആന്ധ്രാപ്രദേശ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ 1.4 ഉം, ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ 1.5 മാണ് രേഖപ്പെടുത്തിയ ജനനനിരക്ക്.