മോസ്കോ: ജനനനിരക്കിൽ കുറയുന്നതിനെ തുടർന്ന് സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് ഗർഭിണിയാകാനും കുട്ടികളെ വളർത്താനും സാമ്പത്തിക പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി റഷ്യ. നിലവിൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു കുട്ടിയെ പ്രസവിക്കാനും പരിപാലിക്കാനും സമ്മതിക്കുന്ന മുതിർന്ന സ്കൂൾ പെൺകുട്ടികൾക്ക് 100,000 റുബിളിലധികം (ഏകദേശം 90,000 രൂപ) സാമ്പത്തിക സഹായം നൽകും. റഷ്യയിലെ ജനസംഖ്യാ ഇടിവ് മറികടക്കാൻ ലക്ഷ്യമിട്ട് 2025 മാർച്ചിൽ സ്വീകരിച്ച നയത്തിന്റെ ഭാഗമാണ് പദ്ധതി.
രാജ്യത്തെ പത്ത് മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂളിലോ കോളേജിലോ പഠിക്കുന്നുണ്ടെങ്കിലും നിയമപരമായി പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് മാത്രമേ ഇത് ബാധകമാകൂ. ക്യാഷ് ബോണസ്, മാതൃ ആനുകൂല്യങ്ങൾ തുടങ്ങിയ പ്രോത്സാഹനങ്ങളിലൂടെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന ‘പ്രോനാറ്റലിസം’ എന്ന ചട്ടക്കൂടിന് കീഴിലാണ് ഈ നയം വരുന്നത്. 2023-ൽ റഷ്യയിലെ ജനനനിരക്ക് ഒരു സ്ത്രീക്ക് 1.41 കുട്ടികളായിരുന്നു. ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ 2.05 എന്ന നിരക്കിനേക്കാൾ വളരെ കുറവാണ്. സർക്കാർ നടപടി രാജ്യത്തുടനീളം ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടു.
റഷ്യൻ പബ്ലിക് ഒപിനിയൻ റിസർച്ച് സെന്റർ അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം, 43% റഷ്യക്കാർ ഈ നയത്തെ പിന്തുണയ്ക്കുന്നു. അതേസമയം, 40% പേർ പദ്ധതിയെ എതിർത്തു. പദ്ധതി സാമ്പത്തികമായി ദുർബലരായ യുവതികളെ ചൂഷണം ചെയ്യുമെന്നും അവരുടെ വിദ്യാഭ്യാസ, തൊഴിൽ സാധ്യതകളെ തടസ്സപ്പെടുത്തുമെന്നും വിമർശകർ ഉന്നയിച്ചു. മൂന്നോ അതിലധികമോ കുട്ടികളുള്ള അമ്മമാർക്ക് ഹംഗറി നികുതി ഇളവുകൾ വാഗ്ദാനം ചെയ്തിരുന്നു. പോളണ്ട് ഒരു കുട്ടിക്ക് പ്രതിമാസം അലവൻസുകൾ നൽകുന്നു.
യുഎസിൽ, മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ത്രീകൾക്ക് പ്രസവിക്കുന്നതിന് 5,000 ഡോളർ പ്രോത്സാഹനം നിർദ്ദേശിച്ചിട്ടുണ്ട്. 2050 ആകുമ്പോഴേക്കും മുക്കാൽ ഭാഗത്തിലധികം രാജ്യങ്ങളും പ്രത്യുൽപാദന നിലവാരത്തിന് താഴെയാകുമെന്ന് ജനസംഖ്യാശാസ്‌ത്രജ്ഞർ ഇപ്പോൾ മുന്നറിയിപ്പ് നൽകി.