ജനനനിരക്ക് കുറയുന്നതിനെ നേരിടുന്നതിന്റെ ഭാഗമായി കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ ദമ്പതിമാരെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികളുമായി ചൈനീസ് ഭരണകൂടം. കുട്ടികളെ വളര്‍ത്താന്‍ ദമ്പതിമാര്‍ക്ക് പ്രതിവര്‍ഷം 44000 രൂപ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് ജനനനിരക്ക് കൂട്ടാനായി ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ജനനനിരക്ക് കൂട്ടാനുള്ള പദ്ധതികള്‍ക്ക് മാത്രമായി ഒരു ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുന്‍പ് ജനസംഖ്യാ നിയന്ത്രിക്കാനായി ദമ്പതികളെ കടുത്ത ശിക്ഷയോര്‍മിപ്പിച്ച് ഭയപ്പെടുത്തുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രങ്ങത്തിന് ഉള്‍പ്പെടെ പ്രേരിപ്പിക്കുകയും ചെയ്ത അതേ ഭരണകൂടമാണ് ഇപ്പോള്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നതിന് ധനസഹായം ഉള്‍പ്പെടെ നല്‍കി പ്രോത്സാഹനം നല്‍കുന്നത്. എന്നിരിക്കിലും ചെറുപ്പക്കാര്‍ കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ അധികം താത്പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
ജനസംഖ്യാ വര്‍ധനയ്ക്കായി നീക്കിവച്ച ഒരു ലക്ഷം കോടി രൂപയുടെ പ്രയോജനം ചൈനയിലെ 20 മില്യണ്‍ കുടുംബങ്ങള്‍ക്കാണ് ലഭ്യമാകുക. മുന്‍പ് പ്രാദേശിക ഭരണസംവിധാനങ്ങള്‍ കൂടുതല്‍ കുട്ടികളുള്ള ചൈനക്കാര്‍ക്ക് ഇത്തരത്തില്‍ ധനസഹായം നല്‍കിയിരുന്നുവെങ്കിലും ഇതാദ്യമായാണ് കേന്ദ്രഭരണകൂടം തന്നെ സഹായവാഗ്ദാനവുമായി നേരിട്ടെത്തിയിരിക്കുന്നത്. പൈസ നല്‍കിയിട്ട് പോലും ജനനനിരക്കില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ തെളിയിക്കുന്നുണ്ട്.
ജനസംഖ്യാ നിരക്ക് കൂട്ടുന്നതിനായി സമാന പദ്ധതികള്‍ ദക്ഷിണ കൊറിയയിലും ജപ്പാനിലുമെല്ലാം ഉണ്ടായിരുന്നെങ്കിലും അവിടെയും ഇതൊന്നും ഫലം കണ്ടിരുന്നില്ല. അതിവേഗം കൂടിവരുന്ന ചെലവുകള്‍, ചൈനയിലെ സമ്മര്‍ദമുള്ള തൊഴിലന്തരീക്ഷം, നീണ്ട ഷിഫ്റ്റുകള്‍ മുതലായവയാണ് കൂടുതല്‍ കുട്ടികളെ വളര്‍ത്തുന്നതില്‍ നിന്ന് ചൈനക്കാരെ പിന്തിരിപ്പിക്കുന്നത്. സര്‍ക്കാര്‍ തരുന്ന നാമമാത്രമായ പൈസ കൊണ്ട് എന്തായാലും കുട്ടിയെ പ്രസവിച്ച് വിദ്യാഭ്യാസം നല്‍കി നല്ല രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ലെന്നാണ് ചൈനക്കാര്‍ പറയുന്നത്.
ചൈനയില്‍ ഒരു കുട്ടിയെ വളര്‍ത്തുന്നതിന് ശരാശരി 538,000 യുവാന്‍ (65 ലക്ഷം) ചിലവാകുമെന്നാണ് ചൈനക്കാരുടെ വിലയിരുത്തല്‍. ഇത് രാജ്യത്തിന്റെ ശരാശരി വരുമാനത്തിന്റെ ആറിരട്ടിയിലധികമാണ്. ഷാങ്ഹായ്, ബീജിംഗ് പോലുള്ള നഗരങ്ങളില്‍ ഈ തുക വീണ്ടും വര്‍ധിക്കും. അനുദിനം വര്‍ധിക്കുന്ന പാര്‍പ്പിട വിലയും സാധനങ്ങളുടെ വിലക്കയറ്റവും പരിഗണിക്കുമ്പോള്‍ കൂടുതല്‍ കുട്ടികളെ വളര്‍ത്തുന്നത് വലിയ സാമ്പത്തിക ഭാരം മാതാപിതാക്കള്‍ക്ക് മേല്‍ ഏല്‍പ്പിക്കുമെന്നാണ് ചൈനയിലെ യുവാക്കള്‍ പറയുന്നത്.