Headlines

സാന്ദ്രയുടേത് ഷോ, മമ്മൂട്ടി സിനിമയിൽ നിന്ന് പിന്മാറി എന്ന് പറയുന്നു, അദ്ദേഹത്തെ പോലും വിഷയത്തിൽ വലിച്ചിഴച്ചു; ലിസ്റ്റിൻ സ്റ്റീഫൻ

നിർമാതാവ് സാന്ദ്ര തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ. സ്ത്രീ ആയതുകൊണ്ടാണ് ആദ്യം പ്രതികരിക്കാതിരുന്നത്. എല്ലാം നുണയാണ് എന്ന് തെളിയിക്കാൻ ആണ് സാന്ദ്രയുടെ പഴയ വീഡിയോ ഫേയ്സ്ബുക്കിൽ പോസ്റ്റ്‌ ചെയ്തതെന്നും ലിസ്റ്റിൻ അറിയിച്ചു.

ആദ്യം പർദ്ദ ധരിച്ചെത്തി രണ്ടാമത് വന്നപ്പോൾ പർദ്ദ കിട്ടിയില്ലേ എന്നും ലിസ്റ്റിൻ ചോദിച്ചു. സാന്ദ്രയുടേത് ഷോ എന്ന് ലിസ്റ്റിൻ സ്റ്റീഫൻ വിമർശിച്ചു. മമ്മൂട്ടി തന്റെ സിനിമയിൽ നിന്ന് പിന്മാറി എന്ന് സാന്ദ്ര പറയുന്നു. എത്രയോ ആർട്ടിസ്റ്റുകൾ പല സിനിമകളിൽ നിന്നും പിന്മാറുന്നു, മമ്മൂട്ടിയെ പോലും വെറുതെ വിഷയത്തിലേക്ക് കൊണ്ടുവന്നു.

ബൈലോ ആണ് സാന്ദ്ര മത്സരിക്കേണ്ട എന്ന് പറഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറയുന്ന അത്രയും സിനിമകൾ സാന്ദ്രയുടെ ബാനറിൽ ഇല്ല. സാന്ദ്രയുടെ പേരിൽ ഉള്ളതല്ല, സാന്ദ്ര തോമസ് പ്രൊഡക്ഷൻ ഹൗസിന്റെ പേരിലുള്ള സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. കോടതി പറഞ്ഞാൽ സാന്ദ്ര മത്സരിക്കട്ടെ. ഉത്തരവ് അനുകൂലമായാൽ ഞങ്ങൾ എതിർക്കില്ല എന്ന് ലിസ്റ്റിൻ സ്റ്റീഫൻ പ്രതിരകിച്ചു.

കഴിഞ്ഞ ദിവസം സാന്ദ്ര തോമസ് ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിക്കെതിരെ കേസ് ഫയല്‍ ചെയ്തപ്പോള്‍ കേസുമായി മുന്നോട്ട് പോകരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടെന്നും ഇത് തയ്യാറാകാതെ ഇരുന്നതോടെ താനുമായി കമ്മിറ്റ് ചെയ്ത ഒരു സിനിമയിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര പറഞ്ഞിരുന്നു. തുടർന്ന് മുൻപ് മമ്മൂട്ടിയോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് സാന്ദ്ര പങ്കുവെച്ച ഒരു പഴയ വീഡിയോ ലിസ്റ്റിൻ സ്റ്റീഫൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിന്നു.

അസുഖം ബാധിച്ച് ആശുപത്രിയിലായിരുന്നപ്പോൾ നടൻ മമ്മൂട്ടിയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ എല്ലാവരും വിളിച്ച് സുഖ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു എന്ന് സാന്ദ്ര പറയുന്ന വീഡിയോ ആണ് ലിസ്റ്റിൻ പങ്കുവെച്ചിരിക്കുന്നത്. ‘ഓൾഡ് ഈസ് ഗോൾ‍ഡ്’ എന്ന ക്യാപ്ഷനൊപ്പമാണ് ലിസ്റ്റിൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘അസുഖ ബാധിതയായി കിടന്നപ്പോൾ മമ്മൂക്കെയപ്പോലുള്ളവർ കൃത്യമായി കാര്യങ്ങൾ അന്വേഷിച്ചത് വലിയ സന്തോഷമുണ്ടാക്കി. സിനിമയിലുള്ളവരും വിളിച്ച് അന്വേഷിച്ചു. എടുത്ത് പറയേണ്ട കാര്യം, ഒരാഴ്ച ഐസിയുവിൽ കിടന്നിട്ടും സിനിമ മേഖലയിൽ സ്ത്രീകൾക്ക് വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന ഡബ്ല്യുസിസിയോ ഒരു സ്ത്രീയോ തിരിഞ്ഞു നോക്കിയിട്ടില്ല. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലുള്ള എല്ലാ പ്രൊഡ്യൂസേഴ്സും വിളിച്ച് അന്വേഷിച്ചു.’ എന്നാണ് വീഡിയോയിൽ സാന്ദ്ര തോമസ് പറയുന്നത്.