‘അന്ന് ഭയമായിരുന്നു, ഇപ്പോഴും രാഹുല്‍ സംസാരിക്കുന്നത് വെല്ലുവിളിയുടെ ഭാഷയില്‍’; കോള്‍ റെക്കോര്‍ഡിനെക്കുറിച്ച് അവന്തിക

ശബ്ദരേഖ പുറത്തുവിട്ട് ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മറുപടിയുമായി ട്രാന്‍സ് വുമണ്‍ അവന്തിക. രാഹുല്‍ പുറത്തുവിട്ടത് ഓഗസ്റ്റ് ഒന്നിലെ സംഭാഷണമായിരുന്നുവെന്നും അന്ന് തനിക്ക് ഭയമായിരുന്നുവെന്നും അവന്തിക പറഞ്ഞു. തനിക്ക് ഉചിതമെന്ന് തോന്നിയ ഒരു സമയത്താണ് ദുരനുഭവം തുറന്നുപറഞ്ഞതെന്നും നടിയുടെ വെളിപ്പെടുത്തല്‍ വന്നപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തീരുമാനിച്ചതെന്നും അവന്തിക പറഞ്ഞു.

ഒരു സ്ത്രീയ്ക്ക് പ്രശ്‌നമുണ്ടായാല്‍ മുന്‍പ് ഇത് തുറന്ന് പറയാത്തതെന്തെന്ന് ചോദിക്കുന്നത് ശരിയല്ലെന്ന് അവന്തിക പറഞ്ഞു. അന്ന് ഭയമുണ്ടായിരുന്നു. വെല്ലുവിളിയുടെ സ്വരത്തിലാണ് ഇപ്പോഴും അയാള്‍ സംസാരിക്കുന്നത്. അതിന്റെ ഭവിഷ്യത്തുകള്‍ ഒറ്റയ്ക്ക് അനുഭവിക്കേണ്ടേ എന്ന് ചോദിച്ച അവന്തിക സോഷ്യല്‍ മീഡിയയിലെ ഉള്‍പ്പെടെ പ്രചാരണങ്ങളില്‍ താന്‍ വല്ലാത്ത ട്രോമിയിലൂടെയാണ് കടന്നുപോകുന്നതെന്നും വ്യക്തമാക്കി. രാഹുല്‍ പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് തന്റെ സംഭാഷണമാണെന്നും അത് രാഹുലിന് അയച്ചത് താനാണെന്നും അവന്തിക സ്ഥിരീകരിച്ചു. താന്‍ അന്ന് സംസാരിച്ച അതേ മാധ്യമപ്രവര്‍ത്തകനോടാണ് പിന്നീട് താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയതെന്നും അവന്തിക പറഞ്ഞു.

ആരോപണം ഉന്നയിച്ച അവന്തികയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മില്‍ ഓഗസ്റ്റ് 1ന് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടുകൊണ്ടാണ് രാഹുല്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. രാഹുല്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും നല്ല സുഹൃത്താണെന്നും ഉള്‍പ്പെടെ അവന്തിക പറയുന്നതായുള്ള ശബ്ദരേഖയാണ് ലൈവായി പുറത്തുവിട്ടത്.