തനിക്കെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അവന്തിക ഉന്നയിച്ച ആരോപണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആരോപണം ഉന്നയിച്ച അവന്തികയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മില്‍ ഓഗസ്റ്റ് 1ന് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടുകൊണ്ടാണ് രാഹുല്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. രാഹുല്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും നല്ല സുഹൃത്താണെന്നും ഉള്‍പ്പെടെ അവന്തിക പറയുന്നതായുള്ള ശബ്ദരേഖയാണ് ലൈവായി പുറത്തുവിട്ടത്.
അവന്തിക തന്നെയാണ് തനിക്ക് ഈ ശബ്ദരേഖ അയച്ചുതന്നതെന്ന് രാഹുല്‍ പറയുന്നു. രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായോ എന്നും ജീവന് തന്നെ ഭീഷണി നേരിടുന്ന അവസ്ഥയുണ്ടോയെന്നും അവന്തികയോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നതായുള്ള ശബ്ദരേഖയാണ് പുറത്തുവിട്ടത്. എന്നാല്‍ ഇതിനെ അവന്തിക പൂര്‍ണമായും നിഷേധിക്കുന്നതായും ആരാണിത് പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകനോട് ചോദിക്കുന്നതായും ശബ്ദരേഖയിലുണ്ട്. പാലക്കാടിന്റെ എംഎല്‍എയും തന്റെ സുഹൃത്തുമായ രാഹുലുമായി ബന്ധപ്പെടുത്തി ഇത്തരമൊരു കാര്യം പറയുന്നത് മോശമാണെന്നും അവന്തിക പറയുന്നതായി രാഹുല്‍ പുറത്തുവിട്ട ശബ്ദരേഖയിലുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ താന്‍ കാരണം തലകുനിച്ച് ന്യായീകരിക്കുന്നത് ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണെന്ന് രാഹുല്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളെ കാണുന്ന വേളയില്‍ രാജി പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും രാഹുല്‍ ഇതുവരെ രാജി പ്രഖ്യാപിച്ചിട്ടില്ല. തനിക്കെതിരെ ഉയരുന്ന മറ്റ് ആരോപണങ്ങളെക്കുറിച്ചും തനിക്ക് നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് ഘട്ടങ്ങളായി പറയാമെന്നും രാഹുല്‍ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഴുവന് ഉത്തരം നല്‍കുന്നതിന് മുന്‍പായി തന്നെ അദ്ദേഹം വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.