വൈകാതെ പാർട്ടി തീരുമാനം എല്ലാവരെയും അറിയിക്കും’; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി സാധ്യത തള്ളാതെ കെ സി വേണുഗോപാൽ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി സാധ്യത തള്ളാതെ എ ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരളത്തിലെ നേതാക്കൾ ഗൗരവമായി ആശയവിനിമയം നടത്തുകയാണെന്നും താൻ പറയുന്നതിൽ എല്ലാമുണ്ടെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. വൈകാതെ പാർട്ടി തീരുമാനം എല്ലാവരെയും അറിയിക്കും വളരെ ഗൗരവമേറിയ വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിനെതിരെ നടപടി വേണമോ വേണ്ടയോ എന്ന് കൂട്ടായി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി യോഗം കൂടി ആലോചിച്ചു എടുക്കേണ്ട തീരുമാനമാണ്. മുതിർന്ന നേതാക്കളുമായി സംസാരിച്ചിട്ടേ അന്തിമ തീരുമാനം എടുക്കൂ. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് നടപടി എടുക്കില്ല. സിപിഐഎമ്മും ബിജെപിയും ചെയ്യും പോലെ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

രാഹുലിന്റെ വിഷയം നേതാക്കൾ ചർച്ച ചെയ്ത് തീരുമാനമെടുത്തിട്ട് എഐസിസിയെ വിവരങ്ങൾ അറിയിക്കും. യുഡിഎഫിലെ ഘടകകക്ഷികൾ ആരും ഇതുവരെ ഈ വിഷയത്തിൽ എന്നെ ബന്ധപ്പെട്ടിട്ടില്ല. യുഡിഎഫ് കൺവീനർ ആയതിനുശേഷം ഇതുപോലൊരു പരാതി കിട്ടിയിട്ടില്ല. രാഹുൽ മാങ്കൂട്ടം തന്റെ നാട്ടുകാരനാണ്. ഇതുവരെ എന്നെ വിളിച്ചിട്ടുമില്ല, ഞാൻ അങ്ങോട്ടും വിളിച്ചിട്ടില്ല. ശബ്ദരേഖയും പരാതികളും കാണുന്നതും കേൾക്കുന്നതും എല്ലാം മാധ്യമങ്ങളിലൂടെയാണ്. എല്ലാക്കാര്യങ്ങൾക്കും അഭിപ്രായം പറയുന്ന വനിതാ കമ്മീഷൻ അതെ അഭിപ്രായത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. വേണ്ടിടത്തും വേണ്ടാത്തിടത്തുമാണ് കമ്മീഷൻ അഭിപ്രായം പറയുന്നതും കേസെടുക്കുന്നതും അദ്ദേഹം വിമർശിച്ചു.