മലപ്പുറം: അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് വി വി പ്രകാശിന്റെ എടക്കരയിലെ വസതിയിൽ രാഹുൽ ഗാന്ധി എത്തിയത്. 15 മിനിറ്റ് നേരം രാഹുൽ ഗാന്ധി ഇവിടെ ചെലവഴിച്ചു
കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, എ പി അനിൽകുമാർ എംഎൽഎ തുടങ്ങിയ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു
നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു വി വി പ്രകാശ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മത്സരഫലം കാത്തിരിക്കെയാണ് അദ്ദേഹം അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.