കവളപ്പാറ ഉരുൾപൊട്ടലിൽ അനാഥരായ സഹോദരിമാർക്ക് രാഹുൽ ഗാന്ധി ഇന്ന് വീട് കൈമാറും. കാവ്യ കാർത്തിക എന്നീ സഹോദരിമാരുടെ ദുരവസ്ഥയറിഞ്ഞ രാഹുൽ ഗാന്ധി വീട് നിർമിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇന്ന് മലപ്പുറത്ത് എത്തുന്ന രാഹുൽ ഗാന്ധി കളക്ടറേറ്റിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഭൂമിയുടെ രേഖകളും വീടിന്റെ താക്കോലും സഹോദരിമാർക്ക് കൈമാറും.
കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ അമ്മയെയും മുത്തച്ഛനെയും മൂന്ന് സഹോദരിമാരെയുമാണ് ഇവർക്ക് നഷ്ടമായത്. കാവ്യയും കാർത്തികയും കോളേജ് ഹോസ്റ്റലിലായത് കൊണ്ട് മാത്രമാണ് അന്ന് രക്ഷപ്പെട്ടത്
കവളപ്പാറ ദുരന്തഭൂമി സന്ദർശിക്കാനെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി സഹോദരിമാരുടെ ദുരവസ്ഥയറിഞ്ഞത്. തുടർന്ന് നേരിട്ടെത്തി ഇവരെ ആശ്വസിപ്പിച്ചിരുന്നു. സഹോദരിമാർക്കുള്ള വീട് നിർമാണം തുടങ്ങാൻ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് നിർദേശം നൽകിയാണ് രാഹുൽ മടങ്ങിയത്.
റോഡിനോട് ചേർന്ന് സ്ഥലം വാങ്ങിയാണ് വീട് നിർമിച്ചത്. ഏഴ് ലക്ഷം രൂപയാണ് വീട് നിർമാണത്തിന് ചിലവായത്. ഈസ്റ്റ് ഏറനാട് സർവ്വീസ് സഹകരണ ബാങ്കാണ് ഭൂമിവാങ്ങി നൽകിയത്.