ശിവശങ്കറിന്റെ അറസ്റ്റ് 23ാം തീയതി വരെ ഹൈക്കോടതി തടഞ്ഞു; കസ്റ്റംസ് ഹരാസ് ചെയ്യുന്നുവെന്ന് ശിവശങ്കർ

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് 23ാം തീയതി വരെ ഹൈക്കോടതി തടഞ്ഞു. എതിർവാദം ഉണ്ടെങ്കിൽ കസ്റ്റംസിന് അതിനകം ഫയൽ ചെയ്യാം. വെള്ളിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതായി ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

 

അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യത്തോടെയാണ് ഹർജി രാവിലെ സമർപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം പരിഗണിക്കുന്ന കാര്യം ആലോചിക്കാമെന്നായിരുന്നു കോടതിയുടെ നടപടി. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള തന്നെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യാൻ കസ്റ്റംസ് ശ്രമിക്കുന്നതായും ശിവശങ്കർ അറിയിച്ചു.

 

ചോദ്യം ചെയ്യലിന് കസ്റ്റംസ് കാറിൽ വരാൻ അവർ നിർബന്ധിച്ചു. സ്വന്തം വാഹനത്തിൽ പോകാൻ അനുവദിച്ചില്ല. തുടർച്ചയായ ചോദ്യം ചെയ്യലും യാത്രയും ആരോഗ്യത്തെ സാരമായി ബാധിച്ചു. ഏത് കേസിലാണ് ചോദ്യം ചെയ്യുന്നതെന്ന് പോലും നോട്ടീസിൽ വ്യക്തമല്ല. എന്തുകൊണ്ട് ഹരാസ് ചെയ്യുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും ഹർജിയിൽ പറയുന്നു.