ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുത്ത് തിരികെയെത്തിയ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. താരങ്ങളോട് കുശലം പറഞ്ഞും ഉപദേശങ്ങൾ നൽകിയുമായിരുന്നു കൂടിക്കാഴ്ച നടന്നത്. ഒളിമ്പിക്‌സിലെ നല്ല നിമിഷങ്ങളെ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ഓർത്തെടുത്തു.
മറ്റെന്തിനെക്കാളും സ്‌പോർട്‌സിനെയും താരങ്ങളെയും സ്‌നേഹിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്‌പോർട്‌സ് ഒരു രാജ്യത്തെ ഉയർത്തിക്കൊണ്ടുവരും. 2016 മുതൽ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ ഫലമാണ് ടോക്യോയിൽ കണ്ടത്. മെഡൽ ഇല്ലെങ്കിലും കായിക താരങ്ങൾ മികച്ചവരാണെന്ന് ബോധ്യപ്പെടുത്തണം. ഉന്നത കായിക താരങ്ങൾ കടന്നുപോകുന്ന മനഃശാസ്ത്രപരമായ പ്രശ്‌നങ്ങൾ മനസ്സിലാക്കണം.
ഒരു താരം വിജയിക്കുമ്പോൾ മാത്രമാണ് എല്ലാവരും പുകഴ്ത്തുന്നത്. എന്നാൽ വിജയിക്കാൻ നടത്തുന്ന കഠിനാധ്വാനത്തെയും അർപ്പണ ബോധത്തെയും അഭിനന്ദിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയം ഒരിക്കലും തലയ്ക്ക് പിടിക്കരുതെന്നും പരാജയം മനസ്സിൽ കൊണ്ടുനടക്കരുതെന്നും സ്വർണമെഡൽ ജേതാവായ നീരജ് ചോപ്രയോട് പ്രധാനമന്ത്രി പറഞ്ഞു. ജാവ്‌ലിൻ ത്രോ ഫൈനലിൽ രണ്ടാമത്തെ ത്രോ കഴിഞ്ഞപ്പോൾ ഒരുപാട് ആത്മവിശ്വാസം നീരജ് പ്രകടിപ്പിച്ചതിന്റെ കാരണവും അദ്ദേഹം ആരാഞ്ഞു
ആത്മവിശ്വാസം വരുന്നത് പരിശീലനത്തിൽ നിന്നാണെന്നായിരുന്നു നീരജിന്റെ മറുപടി. തന്റെ പരിശീലനം മികച്ചതായിരുന്നു. അതാണ് രണ്ടാമത്തെ ത്രോ കഴിഞ്ഞപ്പോൾ തന്നെ ആത്മവിശ്വാസമുണ്ടായതെന്നും നീരജ് പറഞ്ഞു
ഗുസ്തി സെമിയിൽ കസാഖിസ്ഥാൻ താരം കടിച്ചിട്ടും താങ്കൾ പിടിവിടാതിരുന്നത് എന്താണെന്നായിരുന്നു ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവികുമാർ ദഹിയയോട് പ്രധാനമന്ത്രി ചോദിച്ചത്. സെമിയിൽ 5-9ന് പിന്നിൽ നിൽക്കുമ്പോഴാണ് നൂറിസ്ലാം സനയേവ് കടിച്ചതെന്നും ആ സമയത്ത് പിടി വിട്ടിരുന്നുവെങ്കിൽ സനയേവിനെ വിജയിയായി പ്രഖ്യാപിക്കുമായിരുന്നുവെന്നും രവികുമാർ പറഞ്ഞു. രക്തം വന്നാൽ മാത്രമേ പരാതിപ്പെടാനാകൂവെന്നും പ്രധാനമന്ത്രിയുടെ ദഹിയ പറഞ്ഞു.
പരുക്ക് വകവെക്കാതെ പോരാട്ടത്തിനിറങ്ങി വെങ്കല മെഡൽ നേടിയ ബജ്‌റംഗ് പുനിയയെയും മോദി പുറത്ത് തട്ടി അഭിനന്ദിച്ചു. സ്വർണത്തിനായാണ് ടോക്യോയിലേക്ക് പോയതെന്നും എന്നാൽ പാരീസ് ഒളിമ്പിക്‌സിൽ സ്വർണ മെഡലുമായേ മടങ്ങിയെത്തൂ എന്നും പുനിയ പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി