അഭിമാനത്തോടെ രാജ്യം അവരെ വരവേറ്റു; മെഡൽ ജേതാക്കൾ ഇന്ത്യയിൽ തിരിച്ചെത്തി

ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിലെ അവസാന സംഘം ഇന്ത്യയിൽ തിരിച്ചെത്തി. ആയിരക്കണക്കിന് ആരാധകരാണ് ജേതാക്കളെ സ്വീകരിക്കാനായി ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്ര, വെള്ളി മെഡൽ ജേതാവായ രവികുമാർ ദഹിയ, വെങ്കല മെഡൽ ജേതാക്കളായ ബജ്‌റംഗ് പുനിയ, ലവ്‌ലിന എന്നിവരാണ് സംഘത്തിലുണ്ടായത്.

താരങ്ങളുടെ കുടുംബാംഗങ്ങളും ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു. വെള്ളി മെഡൽ ജേതാവായ മീരാബായി ചാനു, വെങ്കലം നേടിയ പി വി സിന്ധു എന്നിവർ നേരത്തെ തന്നെ ഇന്ത്യയിലെത്തിയിരുന്നു. വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീം അടുത്ത ദിവസം രാജ്യത്ത് തിരികെ എത്തും.