കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാഷ്ട്രപതിയെ കാണു. കോൺഗ്രസ് എംപിമാരും രാഹുലിനൊപ്പം ഉണ്ടാകും. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് കാർഷിക ബില്ലുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് സമാഹരിച്ച ഒപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് നിവേദനം.
കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി പ്രതിപക്ഷ സംഘത്തെയും രാഹുൽ ഗാന്ധി രാഷ്ട്രപതി ഭവനിലേക്ക് നയിച്ചിരുന്നു. കർഷകരോടും പ്രതിപക്ഷ നേതാക്കളോടും അഭിപ്രായം ചോദിക്കാതെയാണ് കേന്ദ്ര സർക്കാർ കാർഷിക ബിൽ കൊണ്ടുവന്നതെന്നും ഇത് കർഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം കർഷക സമരം ഇന്ന് 29ാം ദിവസത്തിലേക്ക് കടന്നു. കർഷക സംഘടനകൾ ആവശ്യപ്പെട്ടാൽ ചർച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ തുറന്ന മനസ്സോടെയെങ്കിൽ മാത്രം ചർച്ച മതിയെന്നാണ് കർഷക സംഘടനകളുടെ നിലപാട്.