എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിന് മേൽ സമ്മർദം ശക്തമാക്കി കോൺഗ്രസ്. രാജിവെച്ചേ മതിയാകൂ എന്ന നിലപാട് ഹൈക്കമാൻഡിനെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തീരുമാനം രണ്ട് ദിവസത്തിനകമെന്ന് സൂചന. രാഹുലിനെ രമേശ് ചെന്നിത്തലയും കൈവിട്ടു. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് രാഹുലിനെതിരെ ഉയർന്നിരിക്കുന്നത്.
ബിഹാറിൽ നിന്ന് ഡൽഹിയിൽ തിരിച്ചെത്തിയ കെ സി വേണുഗോപാൽ നേതാക്കളുമായി ആശയ വിനിമയം നടത്തും. എന്നാൽ രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. പൊതു പ്രവർത്തകൾ വ്യക്തിജീവിതത്തിലും പൊതുപ്രവർത്തനത്തിലും ക്രിസ്റ്റൽ ക്ലിയർ ആവണമെന്നായിരുന്നു ടി എൻ പ്രതാപൻ പ്രതികരിച്ചത്. മുകേഷിനെ ഉയർത്തിയുള്ള രാഷ്ട്രീയ പ്രതിരോധം കൊണ്ട് മാത്രം കാര്യമില്ലെന്നാണ് നേതാക്കളിൽ പലരും അഭിപ്രായപ്പെടുന്നത്.
പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ടു കഴിഞ്ഞു. ഇനി രാഹുൽ മാങ്കൂട്ടത്തിൽ സ്വീകരിക്കുന്ന നിലപാടാണ് അറിയേണ്ടത്. കൂടാതെ രാഹുലിന്റെ രാജിക്കായി ഹൈക്കമാൻഡിന് കത്തയക്കുന്നതും നേതാക്കളുടെ പരിഗണനയിൽ ഉണ്ട്. നിരപരാധി എന്ന് തെളിയിക്കേണ്ടത് രാഹുലിന്റെ മാത്രം ഉത്തരവാദിത്തമായി മാറുകയാണ്.
ചാറ്റുകളുടെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെയുള്ള തെളിവുകളും പുറത്തുവന്ന ഫോൺ സംഭാഷണവും കോൺഗ്രസിനെയും രാഹുലിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്. അതിനാൽ രാഹുലിനെ ഇനി സംരക്ഷിച്ചുകൊണ്ടുള്ള നിലപാട് സംഘടനയ്ക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്. ഉയർന്നുവരുന്ന ആരോപണങ്ങളും പരാതികളും ഗൗരവമുള്ളതാണെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. അതേസമയം രാജി വെക്കില്ലെന്നും രാജി ആലോചനയിൽ ഇല്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കിയിരുന്നത്.