കൊവിഡ്: സിവില്‍ സര്‍വീസ് പരീക്ഷ അവസാന അവസരവും നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഒരവസരം കൂടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം മൂലം സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ ഒരു അവസരം കൂടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. പരീക്ഷ എഴുതാനാകാതെ സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരവും നഷ്ടമായവര്‍ക്കാണ് വീണ്ടും അവസരം ലഭിക്കുക. പരീക്ഷ എഴുതാനാകാതെ പ്രായ പരിധി കഴിഞ്ഞവര്‍ക്ക് ഇളവ് ലഭിക്കില്ല. സര്‍ക്കാര്‍ നിലപാട് സുപ്രിംകോടതിയെ അറിയിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയായ രചന സിംഗ് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 2020 ഒക്ടോബറില്‍ നടന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയില്‍ കൊവിഡ് ബാധിച്ചതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും അവസാന ചാന്‍സ് ആയതിനാല്‍ ഒരു ചാന്‍സ് കൂടി അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച പലര്‍ക്കും എഴുതാനായില്ലെന്നും, ഇതില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടെയും അവസാനത്തെ അവസരമായിരുന്നുവെന്നുമുള്ള ഹരജി പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. നേരത്തെ അവസരം നല്‍കാന്‍ ആവില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. ഹരജി ഫെബ്രുവരി എട്ടിന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും.