ആശങ്ക കനക്കുന്നു; കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ്!

കൊല്ലം: കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ നടത്തിയ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയായ കീം പരീക്ഷ സംബന്ധിച്ച് ആശങ്ക ശക്തമാകുന്നു. കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥി കൈമനം മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ ആണ് പരീക്ഷ എഴുതിയത്.

നാല് ദിവസമായി ഈ കുട്ടി ചികിത്സില്‍ തുടരുകയാണ്. വിളക്കൊടിയിലെ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുളളത്. അമ്മയ്ക്കും ബന്ധുവായ യുവാവിനും ഒപ്പം സ്വന്തം കാറില്‍ പോയാണ് വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയത് എന്നാണ് വിവരം. മറ്റ് യാത്രാ ചരിത്രമൊന്നും ഇല്ല. പരീക്ഷ എഴുതി തിരിച്ച് എത്തി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ചയാണ് ഈ വിദ്യാര്‍ത്ഥിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയവരില്‍ 4 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും കോഴിക്കോട് പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കീം പരീക്ഷ കൊവിഡ് വ്യാപനം അതിശക്തമായിരിക്കേ നടത്തിയതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കീം പരീക്ഷ നടത്തിപ്പില്‍ പാളിച്ച പറ്റിയിട്ടില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.