ധനബില്‍ പാസാക്കുന്നതിനായി ഈ മാസം 27 ന് ചേരാന്‍ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് സഭാ സമ്മേളനം മാറ്റിവച്ചത്. ധനബില്‍ പരിഗണിക്കുന്നത് നീട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കും.
ജൂലൈ 31 നകം ധനബില്‍ പാസാക്കേണ്ടതുണ്ട്. ഇതിനാലാണ് 27 ന് പ്രത്യേക സമ്മേളനം വിളിച്ചത്. എന്നാല്‍ സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സഭാ സമ്മേളനം മാറ്റി വെക്കുന്നതെന്നാണ് സൂചനകള്‍.
സ്വര്‍ണ്ണക്കടത്ത് വിവാദവും കൊവിഡ് വ്യാപനവും സജീവമായി നില്‍ക്കുന്ന വേളയില്‍ സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍ക്ക് ഊര്‍ജം കൂടും. അത്തരമൊരു സാഹചര്യം ഒഴിവാക്കുക കൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചനകള്‍. മന്ത്രിസഭാ യോഗം ചേര്‍ന്നാകും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.