ബംഗാളില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമബംഗാളില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ 31 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. മെട്രോ, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. സര്‍ക്കാര്‍ ഓഫിസുകളില്‍ 70 ശതമാനം ജീവനക്കാരെ മാത്രം അനുവദിക്കും. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിലവിലെ ലോക്ക് ഡൗണ്‍ സംസ്ഥാനത്ത് അവസാനിക്കുന്നത് ജൂണ്‍ 30നാണ്. രാജ്യത്ത് അഞ്ചാംഘട്ട ലോക്ക് ഡൗണ്‍ അഥവാ അണ്‍ലോക്ക് 1 അവസാനിക്കുന്നതും ജൂണ്‍ 30നാണ്. നാലാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍തന്നെ സംസ്ഥാനങ്ങള്‍ക്ക് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇളവുകളില്‍ തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് ബംഗാള്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടാനുള്ള തീരുമാനമെടുത്തത്. ബംഗാളില്‍ ഇതുവരെ 14,728 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 591 പേര്‍ മരണപ്പെട്ടു. 9,218 പേര്‍ നിലവില്‍ രോഗം ബാധിച്ച് ചികില്‍സയില്‍ തുടരുന്നു.