അബുദബിയിലെ സ്‌കൂളുകള്‍ സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

അബുദബി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സെപ്തംബറില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ വരാന്‍ അബുദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് അനുമതി നല്‍കി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് സമഗ്ര നയങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

സുരക്ഷിതമായ പ്രവര്‍ത്തനം, അധ്യാപനം- പഠനം, ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും ക്ഷേമം, സാമൂഹിക പിന്തുണ എന്നീ നാല് ഘടകങ്ങളില്‍ അധിഷ്ഠിതമായിരിക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

വിദ്യാലയങ്ങള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിച്ചിരുന്നു. അഭിപ്രായ സര്‍വ്വേയില്‍ 63 ശതമാനം രക്ഷിതാക്കളും പ്രതികരണം അറിയിച്ചു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ പുനരാരംഭിക്കുന്നത്. ഈ മാസം 30ഓടെ പ്രവര്‍ത്തന രീതികള്‍ പ്രഖ്യാപിക്കാന്‍ സ്‌കൂളുകളോട് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്