മുംബൈ നഗരത്തില്‍ പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍. നഗരത്തില്‍ പ്രാവുകള്‍ കൂടുന്നത് ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ദാദറിലെ ചരിത്ര പ്രസിദ്ധമായ കബൂബത്തര്‍ഖാന ഉള്‍പ്പെടെ ബിഎംസി അധികൃതര്‍ ടാര്‍പോളിന്‍ ഷീറ്റുകൊണ്ട് മറച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം. മുംബൈ നഗരത്തിന്റെ അടയാളമായി മാറിയ പ്രാവുകളെ കൂട്ടത്തോടെ നശിപ്പിക്കുന്നതാകും പുതിയ വിലക്കെന്ന് ആരോപിച്ചുകൊണ്ടാണ് മൃഗസ്‌നേഹികള്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടന്നിരിക്കുന്നത്. പൊതുസ്ഥലത്ത് പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് മാനിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കാമെന്ന് ബോംബെ ഹൈക്കോടതി ബിഎംസിക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഇത്തരത്തിലുള്ള ആദ്യ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രാവുകളുടെ എണ്ണത്തിലുള്ള ക്രമാതീതമായ വര്‍ധന ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നാണ് കോടതി നിരീക്ഷിക്കുന്നത്. പ്രാവുകള്‍ പെരുകുന്നത് ശ്വസനസംബന്ധിയായ പലവിധ അസുഖങ്ങള്‍ക്കും കാരണമാകുന്നുവെന്നും ചരിത്ര സ്മാരകങ്ങള്‍ ഉള്‍പ്പെടെ പ്രാവുകള്‍ കൈയടക്കുന്നതുമൂലം വൃത്തികേടാകുന്നുവെന്നുമാണ് കോടതി പറയുന്നത്.
മൃഗസ്‌നേഹികളുടെ കൂട്ടായ്മയ്ക്ക് പുറമേ ജൈനമത നേതാക്കളും വ്യാപകമായി പ്രതിഷേധമുയര്‍ത്തുകയാണ്. വിലക്ക് നിലവില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നൂറുകണക്കിന് പ്രാവുകള്‍ ചത്തുവെന്ന് മൃഗസ്‌നേഹികള്‍ പറയുന്നു. വിലക്ക് നീക്കിയില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് ജൈന പുരോഹിതരും അറിയിച്ചിട്ടുണ്ട്. അതേസമയം മൃഗസ്‌നേഹികളുടെ ആശങ്കകള്‍ കൂടി പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി മംഗള്‍പ്രഭാത് ലോധ ബിഎംസിക്ക് കത്തയച്ചു.