സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും സർക്കാരിനും രൂക്ഷ വിമർശനം. സിപിഎമ്മിന് മുന്നിൽ സെക്രട്ടറി പഞ്ചപുച്ഛമടക്കി നിൽക്കുന്നു. തുടർഭരണം ലഭിച്ചപ്പോൾ, എൽഡിഎഫ് സർക്കാർ എന്നത് മാറി, പിണറായി സർക്കാറായത് ഏകാധിപത്യ ശൈലിയെന്നും രാഷ്ട്രീയ റിപ്പോർട്ടിൻമേലുള്ള പൊതുചർച്ചയിൽ വിമർശനമുയർന്നു.
എൽഡിഎഫ് യോഗത്തിൽ പോകുന്ന ബിനോയ് വിശ്വത്തിന് ക്ലാസ്സ് നൽകണമെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനയിലും നേതൃത്വം നിലപാടില്ലാത്തവരായി മാറിയെന്ന് കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയെ പിന്തുണച്ച സിപിഐഎം നേതൃത്വത്തെ താങ്ങുന്നവരായി സിപിഐ നേതാക്കൾ മാറിയെന്നും വിമർശനം ഉയർന്നു. വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്ന് മലപ്പുറം ജില്ലാ സമ്മേളനത്തിൽ അഭിപ്രായം ഉയർന്നു.
സിപിഐ മന്ത്രിമാർക്കും വിമർശനം ഉണ്ടായി. മന്ത്രിമാർ പോലും പിണറായി സർക്കാർ എന്നാണ് ആവർത്തിക്കുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങളിലും ഏകാധിപത്യമാണെന്നും സിപിഐ മന്ത്രിമാരുടെ വകുപ്പുകളിലെ ഫണ്ടുകൾ പോലും സിപിഐഎം മന്ത്രിമാർക്ക് വകമാറ്റിയന്നും സമ്മേളനത്തിൽ വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിലാണ് രൂക്ഷവിമർശനങ്ങൾ ഉണ്ടായത്. നേരത്തെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ അതിരൂക്ഷ വിമർശനമാണ് നേതൃത്വത്തിനെതിരെ ഉയർന്നിരുന്നു.