ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നു വിദ്യാര്‍ഥികളെ പുറത്താക്കരുതെന്നു ഹൈക്കോടതി

കൊച്ചി: ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നു വിദ്യാര്‍ഥികളെ പുറത്താക്കരുതെന്നു ഹൈക്കോടതി. ആലുവയിലെ ഒരു സ്‌കുളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 14 നു മുന്‍പ് ഫീസ് അടച്ചില്ലെങ്കില്‍ ക്ലാസില്‍ നിന്നു പുറത്താക്കുമെന്നു സ്‌കൂള്‍ ്അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ പ്രവര്‍ത്തന രഹിതമാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് പുറപ്പെടുവിച്ചു. കേസ് 23 നു വീണ്ടും പരിഗണിക്കും. കേസില്‍ സംസ്ഥാന സര്‍ക്കാര്‍, സിബിഎസ്ഇ, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്.