ശമ്പള കുടിശ്ശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നാളെ മുതൽ അനിശ്ചിത കാല ബഹിഷ്‌കരണ സമരം ആരംഭിക്കും. ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചതാണ് ഇക്കാര്യം.
രണ്ടാഴ്ച മുമ്പ് സർക്കാരുമായി നടന്ന ചർച്ചയിൽ ആവശ്യങ്ങൾ ഉടൻ പരിഗണിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങുന്നത്. ബുധനാഴ്ച സംസ്ഥാനതലത്തിൽ ഡോക്ടർമാർ വഞ്ചനാദിനം ആചരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കരിദിനം ആചരിക്കും
വിഐപി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, അധിക ജോലി എന്നിവയും ബഹിഷ്‌കരിക്കും. പത്താം തീയതി സെക്രട്ടേറിയറ്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. മാർച്ച് 17ന് 24 മണിക്കൂർ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.