നിയമസഭാ സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള സിപിഎം സാധ്യതാ പട്ടിക തയ്യാറാകുന്നു. ആറൻമുളയിൽ വീണ ജോർജിനും കോന്നിയിൽ കെ യു ജനീഷ്‌കുമാറിനും വീണ്ടും അവസരം നൽകണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. റാന്നി സീറ്റ് കേരളാ കോൺഗ്രസിന് നൽകരുത്. ഇവിടെ രാജു എബ്രഹാമിനെ വീണ്ടും മത്സരിപ്പിക്കണമെന്നും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്
സിപിഎം സംസ്ഥാന സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ 25 വർഷമായി റാന്നിയെ പ്രതിനിധീകരിക്കുന്നത് രാജു എബ്രഹാമാണ്. അഞ്ച് തവണ എംഎൽഎ ആയതിനാൽ അദ്ദേഹത്തിന് ഇത്തവണ സീറ്റ് നൽകാനുള്ള സാധ്യത കുറവായിരുന്നു. എന്നാൽ വിജയസാധ്യത പരിഗണിച്ച് രാജുവിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്.
റാന്നി സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുനൽകിയാൽ സിപിഎമ്മിന് ജില്ലയിലെ പ്രാതിനിധ്യം രണ്ടായി ചുരുങ്ങും. അതിനാൽ വിട്ടുവീഴ്ചക്ക് തയ്യാറാകരുതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം.