തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടത് മുന്നണി സീറ്റ് ധാരണയായി. സിപിഎമ്മും കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും ഒമ്പത് വീതം സീറ്റുകളിൽ മത്സരിക്കും. നാല് സീറ്റുകളിൽ സിപിഐയും മത്സരിക്കും. 22 സീറ്റുകളാണ് ജില്ലാ പഞ്ചായത്തിലുള്ളത്.
നേരത്തെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്ന എൻസിപിക്കും ജനതാദളിനും സീറ്റ് ലഭിച്ചില്ല. നാല് സീറ്റെന്ന വാദത്തിൽ സിപിഐ ഉറച്ചു നിന്നതോടെയാണ് സിപിഎം 9 സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചത്.
കോട്ടയത്ത് ജോസ് പക്ഷത്തിന്റെ ശക്തി കണക്കിലെടുത്ത് ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. അതേസമയം പാലാ നഗരസഭയിലേക്കുള്ള സീറ്റ് ചർച്ചകൾ തുടരുകയാണ്. ആകെയുള്ള 26 വാർഡിൽ 17 സീറ്റാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്. ഏഴ് സീറ്റ് സിപിഐയും ആവശ്യപ്പെടുന്നു.