ഐ.എസ്.എല്‍ ഏഴാം സീസണിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് മിന്നും ജയം. ജാംഷഡ്പുര്‍ എഫ്.സിയെ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് വീഴ്ത്തിയത്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ്, ഇംഗ്ലീഷ് താരം ഗാരി ഹൂപ്പര്‍ എന്നിവരുടെ ഗോളുകള്‍ക്കു പുറമെ ഒരു സെല്‍ഫ് ഗോളുമാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം നേടിക്കൊടുത്തത്.
ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ഈ മാസം 20 ന് ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഗോവയിലെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണു മത്സരങ്ങള്‍ നടക്കുക.നവംബര്‍ 26- ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. ഡിസംബര്‍ 13- ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സി പോരാട്ടം നടക്കും.
ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഫതോര്‍ഡ്, ജിഎംസി അത് ലറ്റിക് സ്റ്റേഡിയം, തിലക് മൈതാന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. 11 റൗണ്ട് മത്സരങ്ങളുടെ ഫിക്സ്ചറാണ് നിലവില്‍ പുറത്തുവിട്ടിട്ടുള്ളത്. അവശേഷിക്കുന്ന 55 ലീഗ് മത്സങ്ങളുടെ ക്രമം പിന്നീട് പ്രഖ്യാപിക്കും.
എല്ലാ ഞായറാഴ്ചകളിലും രണ്ടു മത്സരങ്ങള്‍ വീതമുണ്ടാവും. രാത്രി 7.30-നാണ് മത്സരങ്ങള്‍ നടക്കുക. രണ്ടു മത്സരങ്ങളുള്ളപ്പോള്‍ ആദ്യ മത്സരം അഞ്ചിന് ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകളില്‍ മത്സരങ്ങള്‍ തല്‍സമയം കാണാം. 11 ടീമുകളാണ് ഐഎസ്എല്ലില്‍ ഇത്തവണ പങ്കെടുക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗില്‍ 11 ടീമുകളായത്.