തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരത്തിലേക്ക്. നാളെ മൂന്ന് മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തും. രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് മണി വരെയാണ് സൂചന പണിമുടക്ക്. ഫെബ്രുവരി 9 മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തും. നാളത്തെ പണിമുടക്കില്‍ അത്യാഹിത അടിയന്തര ചികിത്സാ വിഭാഗങ്ങളും കൊവിഡ് ചികിത്സയും ഒഴിവാക്കിയിട്ടുണ്ട്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, 2016 മുതല്‍ ലഭിക്കേണ്ട അരിയര്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാരുടെ സമരം.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നല്‍കിയിട്ടില്ല. മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശ്ശികയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കൊവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണന സര്‍ക്കാര്‍ തുടരുകയാണെന്ന് സംഘടനകള്‍ ആരോപിക്കുന്നു. അലവന്‍സ് പരിഷ്‌കരണത്തോടെ ശമ്പളക്കുടിശ്ശിക എന്ന് നല്‍കുമെന്ന് പോലും സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നും സംഘടനകള്‍ പറയുന്നു. ഇനിയും ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.