ശമ്പള പരിഷ്‌കരണ നിർദേശങ്ങൾ അതേപടി അംഗീകരിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. പെൻഷൻ പ്രായം ഉയർത്തുന്നതടക്കമുള്ള നിർദേശങ്ങൾ നടപ്പാക്കാൻ കഴിയുന്നതല്ല. ശമ്പള പരിഷ്‌കരണ നിർദേശങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ പാസാക്കുമെന്നും മന്ത്രി അറിയിച്ചു
ഏപ്രിൽ ഒന്ന് മുതൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് സമയബന്ധിതമായി നടപ്പാക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തുന്നതടക്കമുള്ള നിർദേശങ്ങൾ നടപ്പാക്കാൻ സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു
ഇന്നലെയാണ് കെ മോഹൻദാസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ശമ്പള പരിഷ്‌കരണ റിപ്പോർട്ടിന്റെ ഒന്നാം ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ശമ്പളവും പെൻഷനും വർധിപ്പിക്കുക വഴി സർക്കാരിന് 4810 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. 2019 ജൂലൈ മുതലുള്ള മുൻകാല പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പാക്കണമെന്നാണ് ശുപാർശ.
28 ശതമാനം ഡിഎയും പത്ത് ശതമാനം ശമ്പളവർധനവും നൽകാം. സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 രൂപ ആയും കൂടിയ ശമ്പളം 1,66,800 രൂപ ആയും ഉയർത്തണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ കുറഞ്ഞ ശമ്പളം 16,500 രൂപയും കൂടിയ ശമ്പളം 1,40,000 രൂപയുമാണ്