ശമ്പളപരിഷ്‌കരണം നടപ്പാക്കണം: കെ എസ് ആർ ടി സി യൂനിയനുകൾ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും

കെഎസ്ആർടിസി തൊഴിലാളി യൂനിയനുകൾ ഇന്ന് അർധരാത്രി മുതൽ പണി മുടക്കും. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബിഎംഎസും കെഎസ്ആർടിഇഎയും 24 മണിക്കൂർ വീതവും ടിഡിഎഫ് 48 മണിക്കൂറുമാണ് പണിമുടക്കുന്നത്.

പണിമുടക്ക് ഒഴിവാക്കാനായി ഗതാഗത മന്ത്രി ഇന്നലെ വിളിച്ച ചർച്ച പരാജയപ്പെട്ടിരുന്നു. ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ കൂടുതൽ സാവകാശം തേടിയതോടെയാണ് ചർച്ച പരാജയപ്പെട്ടത്. സ്‌കൂൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ് സർക്കാർ അഭ്യർഥന. ശമ്പള പരിഷ്‌കരണം നടപ്പാക്കിയാൽ പ്രതിമാസം ചുരുങ്ങിയത് 30 കോടി രൂപ സർക്കാർ അധികമായി കണ്ടെത്തേണ്ടി വരും

അടുത്ത മാസം ശമ്പളം വിതരണം ചെയ്യുന്നതിന് മുമ്പ് ശമ്പള പരിഷ്‌കരണം ഉറപ്പാക്കാമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. മുഖ്യമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായും ചർച്ച നടത്താൻ സാവകാശം നൽകണം. 24 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകണമെന്ന് നിർബന്ധിക്കരുതെന്നും മന്ത്രി പറഞ്ഞു.