വാരാണസിയില്‍ 30 കോവിഡ് രോഗികളെ കാണാതായി; പോലീസ് തിരച്ചില്‍ ആരംഭിച്ചു

വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 30 കോവിഡ് രോഗികളെ കാണാതായി. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോവിഡ് പോസിറ്റീവായ 30 പേരെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചത്.

കഴിഞ്ഞയാഴ്ച കോവിഡ് പരിശോധന നടത്തിയവരില്‍ ഫലം പോസിറ്റീവായ 30 പേരെ
ക്കുറിച്ചാണ് ഇതുവരെ ഒരു വിവരവും ലഭിക്കാത്തത്. ഫലം പോസിറ്റീവായതോടെ രോഗികളെ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടത് ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞത്. തെറ്റായ വിവരങ്ങള്‍ നല്‍കി ആരോഗ്യവകുപ്പിനെ കബളിപ്പിച്ചതിന് ഇവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് പറഞ്ഞു.

പലരും നല്‍കിയ വിലാസവും ഫോണ്‍ നമ്പറുകളും തെറ്റായിരുന്നു. ചിലരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫുമാണ്. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രോഗികളെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് ആരോഗ്യവകുപ്പ് പോലീസിന്റെ സഹായം തേടിയത്.

രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് പരിശ്രമിക്കുമ്പോഴാണ് ഇത്തരത്തില്‍ ചിലര്‍ കബളിപ്പിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍രാജ് ശര്‍മ പറഞ്ഞു. ഇവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എത്രയും വേഗം രോഗികളെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എസ്പി അമിത് പഥക്കിന്റെ നേതൃത്വത്തിലാണ് മുങ്ങി നടക്കുന്ന രോഗികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നത്. വിവിധ പോലീസ് സ്റ്റേഷനുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി എസ്എസ്പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *