സംസ്ഥാനത്ത് കൊല്ലം ഒഴികെയുളള എല്ലാ നഗരസഭകളിലും മുന്നണികളെ അലട്ടി വിമതശല്യം. തൃശൂർ കോർപ്പറേഷനിൽ മൂന്ന് മുന്നണികളും വിമത ഭീഷണി നേരിടുന്നുണ്ട്. തിരുവനന്തപുരത്ത് എൽഡിഎഫിനും യൂഡിഎഫിനും വിമത ശല്യമുണ്ട്. സംസ്ഥാനത്തെ ആറ് നഗരസഭകളിൽ അഞ്ചിടത്തും മുന്നണികൾക്ക് ഭിഷണിയുയർത്തി വിമതർ സ്ഥാനാർഥിത്വത്തിൽ ഉറച്ച് നിൽക്കുകയാണ്.
പത്രിക പിൻവലിക്കുന്നതിനുളള സമയപരിധി കഴിഞ്ഞിട്ടും എല്ലാവരെയും പിന്മാറ്റാൻ സാധിച്ചിട്ടില്ല. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫിന് ഏഴും എൽഡിഎഫിന് അഞ്ചിടത്തും വിമതശല്യമുണ്ട്. ഉളളൂർ, ചെമ്പഴന്തി, വാഴോട്ടുകോണം,കാച്ചാണി, വിഴിഞ്ഞം വാർഡുകളിലാണ് സിപിഐഎമ്മിൻെറ വിമതർ മത്സരിക്കുന്നത്.
ഉള്ളൂർ, ആറ്റിപ്ര ,പൗണ്ട്കടവ്, വിഴിഞ്ഞം, പുഞ്ചക്കരി , കഴക്കൂട്ടം ,മണ്ണന്തല വാർഡുകളിലാണ് യുഡിഎഫ് വിമതർ മത്സരംഗത്തുളളത്. പൌണ്ട് കടവിൽ മുസ്ലീം ലീഗ് സ്ഥാനാർഥിക്കെതിരെയാണ് കോൺഗ്രസ് പ്രാദേശിക നേതാവ് മത്സരിക്കുന്നത്. കൊച്ചി കോർപ്പറേഷനിൽ 8 ഇടത്ത് യുഡിഎഫിന് വിമത സ്ഥാനാർഥികളുണ്ട്. ഇതിൽ ഒരാൾ മുസ്ലിം ലീഗിൻെറ വിമതയാണ്. കൊച്ചിയിലെ ചെറളായി വാർഡിൽ
ബിജെപിക്കും വിമതനുണ്ട്.തൃശ്ശൂർ കോർപ്പറേഷനിൽ പത്തിടത്താണ് വിമത സാന്നിധ്യം. യുഡിഎഫിനെതിരെ ആറിടത്ത് വിമതർ മത്സരിക്കുമ്പോൾ എൽഡിഎഫിനെതിരെ നാലിടത്തും ബിജെപിക്കെതിരെ ഒരു വിമതനും മത്സരരംഗത്തുണ്ട്. കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫിന് രണ്ടു വാർഡുകളിൽ വിമതരുണ്ട്. കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് മേയർ സ്ഥാനാർഥിക്കും ഡെപ്യൂട്ടി മേയർ സ്ഥാനാർഥിക്കും വിമതഭീഷണി ഉണ്ട്.
യൂത്ത് കോൺഗ്രസ് നേതാവ് റിജിൽമാക്കുറ്റിക്കും കണ്ണൂർ നഗരസഭയിലെ ആദികടലായി വാർഡിൽ വിമതനുണ്ട്. കൊല്ലം നഗരസഭയിൽ മാത്രമാണ് വിമത സാന്നിധ്യമില്ലാത്തത്. കൊല്ലത്ത് യുഡിഎഫിന് വിമത ഭീഷണി ഉണ്ടായിരുന്നെങ്കിലും ചർച്ചയിലൂടെ പരിഹരിക്കുകയായിരുന്നു.








