സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു; വിദഗ്ധസമിതിയുടേത് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട്, സുമയ്യ

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് വിദഗ്ധസമിതി സ്വീകരിക്കുന്നതെന്ന് സുമയ്യ. കഴിഞ്ഞ രണ്ടുമാസമായി വിദഗ്ധസമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു. രണ്ടുമാസം മുമ്പ് ഇത് സംബന്ധിച്ച ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതുവരെ അനുകൂലമായ ഒരു മറുപടിയും ലഭിച്ചില്ല. അപേക്ഷ പോലും ഡയറക്ടർ ഇപ്പോഴാണ് കണ്ടതെന്നാണ് പറഞ്ഞത്. 2 -ാം തീയതി റിപ്പോർട്ട് നൽകാം എന്ന് ഇപ്പോൾ പറയുന്നു . പക്ഷെ അതിൽ വിശ്വാസം ഇല്ലെന്നും സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടെന്നും സുമയ്യ വ്യക്തമാക്കി.

വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തുടർ നിയമനടപടികളിലേക്ക് കടക്കാൻ സാധിക്കു. രണ്ടാം തീയതി റിപ്പോർട്ടിൽ ലഭിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങും. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് വിദഗ്ധസമിതി സ്വീകരിക്കുന്നതെന്നും സുമയ്യ പറഞ്ഞു.

അതേസമയം, കാട്ടാക്കട സ്വദേശിയായ സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെയാണ് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയത്. മൂന്നു വർഷത്തോളം ഗൈഡ് വയർ കാരണം സുമയ്യ ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചിരുന്നു.പിന്നാലെയാണ് വിവരം വിവാദമാവുകയും പൊലീസിൽ ഉൾപ്പടെ പരാതി നൽകുകയും ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് കന്റോൺമെന്റ് പൊലീസ് ശസ്തക്രിയ നടത്തിയ ഡോക്ടർ രാജീവിന്റെ മൊഴിയെടുത്തത്. ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ അശ്രദ്ധ ഉണ്ടായിട്ടില്ലെന്നും, അനസ്തേഷ്യ വിഭാഗത്തിന്റെ ഉത്തരവാദിത്തമാണെന്നും ഡോക്ടർ മൊഴി നൽകി.എന്നാൽ വീഴ്ച സംഭവിച്ചുവെന്ന് പറയുന്ന ഡോക്ടറുടെ ശബ്ദ രേഖ നേരത്തെ പുറത്തു വന്നിരുന്നു.