ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കം ചെയ്യാന്‍ കഴിയില്ലെന്ന് ഡോക്ടേഴ്‌സ് അറിയിച്ചതായി സുമയ്യ. സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് സുമയ്യ പറഞ്ഞു.
ആദ്യം ചികിത്സയ്ക്ക് വരുമ്പോള്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തിയതിനുശേഷം എടുക്കാന്‍ കഴിയും എന്ന് തോന്നി. ഗൈഡ് വയറിന് അനക്കമുണ്ട് എടുക്കാം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ താഴ്ഭാഗത്തും മുകള്‍ ഭാഗത്തും ഒട്ടിയിട്ടുണ്ട്. എടുക്കണ്ട. അവിടെയിരുന്നോട്ടെ എന്ന് തുടര്‍പരിശോധനയില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. അര്‍ഹമായ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വേണം – സുമയ്യ പറഞ്ഞു.
സുമയ്യ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി. രണ്ടാംഘട്ട പരിശോധനയിലും ഗൈഡ് വയര്‍ പുറത്തെടുക്കാന്‍ കഴിയില്ല എന്ന് തന്നെയാണ് വിദഗ്ധ ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ധമനിയോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന ഗൈഡ് വയര്‍ പുറത്തെടുത്താല്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ കീഹോള്‍ വഴി ഗൈഡ് വയര്‍ പുറത്തെടുക്കാനുള്ള ശ്രമവും ഡോക്ടര്‍മാര്‍ ഉപേക്ഷിച്ചിരുന്നു.