ട്രെയിനില്‍ കുഴഞ്ഞുവീണ ആദിവാസി യുവാവ് ആംബുലന്‍സ് കിട്ടാതെ പ്ലാറ്റ്‌ഫോമില്‍ കിടന്നു മരിച്ച സംഭവത്തില്‍ റെയില്‍വേയുടെ വാദങ്ങള്‍ തള്ളി സഹയാത്രികയായ സുഹൃത്ത്. കൃത്യസമയത്ത് ആംബുലന്‍സ് സജ്ജീകരിക്കാതിരുന്നതാണ് ശ്രീജിത്തിന്റെ ജീവന്‍ നഷ്ടപ്പെടാനിടയാക്കിയതെന്ന് സുഹൃത്ത് സൂര്യ പറഞ്ഞു. അതേസമയം ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
യാത്രക്കാര്‍ ചെയിന്‍ വലിച്ചാണ് മുളങ്കുന്നത്തുകാവില്‍ ട്രെയിന്‍ നിര്‍ത്തിയതെന്ന റെയില്‍വേയുടെ വാദം തള്ളുകയാണ് ശ്രീജിത്തിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സൂര്യ. യുവാവ് കുഴഞ്ഞുവീണ ഉടനെ തന്നെ അടിയന്തരമായി ആംബുലന്‍സ് ലഭ്യമാക്കാന്‍ അറിയിച്ചു. മുളങ്കുന്നത്തുകാവില്‍ എത്തിച്ചശേഷം 25 മിനിറ്റ് വരെ ശ്രീജിത്തിന് പള്‍സ് ഉണ്ടായിരുന്നു. അതിനിടയില്‍ ആംബുലന്‍സ് എത്തിക്കാന്‍ കഴിയാതെ പോയതാണ് ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്.
അനാസ്ഥ വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉള്ളാടന്‍ മഹാ സഭയുടെ നേതൃത്വത്തില്‍ ചാലക്കുടി റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ സമരം ശക്തിപ്പെടുത്താനാണ് തീരുമാനം. തിങ്കളാഴ്ചയാണ് ട്രെയിനില്‍ കുഴഞ്ഞുവീണ ചാലക്കുടി സ്വദേശി ശ്രീജിത്തിനെ മുളങ്കുന്നത്ത് കാവ് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുകയും ആംബുലന്‍സ് കിട്ടാതെ പ്ലാറ്റ്‌ഫോമില്‍ കിടന്ന് മരിക്കുകയും ചെയ്തത്.