Headlines

ഷാഫി പറമ്പിലിനെതിരായ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധം; ടി സിദ്ദിഖ് ഉൾപ്പടെ 100 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിയെ പേരാമ്പ്രയിൽ പൊലീസ് മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച ടി സിദ്ദിഖ് ഉൾപ്പടെ കണ്ടാലറിയാവുന്ന 100 ഓളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. T സിദ്ദിഖാണ് ഒന്നാം പ്രതി. കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് ഇന്നലെ രാത്രി നടത്തിയ മാർച്ചിനിടെ കമ്മിഷണർ ഓഫിസ് ഗേറ്റ് തകർത്തതിനാണ് കേസ്.

പൊതുമുതൽ നശിപ്പിക്കൽ, അന്യായമായി സംഘം ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പ് പ്രകാരമാണ് കേസ്. കോഴിക്കോട് കസബ പൊലിസാണ് കേസെടുത്തത്. ഗേറ്റ് തകർത്തതിലൂടെ 75000 രൂപയുടെ നാശനഷ്ടമുണ്ടായതായി FIRയിൽ പറയുന്നു.

മാർച്ച് ടി.സിദ്ദീഖ് എംഎൽഎയാണ് ഉദ്ഘാടനം ചെയ്‌തത്‌. ശബരിമലയിലെ സ്വർണം മോഷണത്തിൽനിന്നു ശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഷാഫി പറമ്പിൽ എംപിയെ പൊലീസ് ആക്രമിച്ചതെന്നും ഇതു കൊണ്ടൊന്നും യുഡിഎഫ് സമരത്തിൽനിന്നു പിന്തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, എൻഎസ്‍യു ദേശീയ സെക്രട്ടറി കെ.എം.അഭിജിത്ത്, ആർ.ഷാഹിൻ, ഷാജർ അറാഫത്ത്, ലീഗ് നേതാക്കളായ എൻ.സി.അബൂബക്കർ, എ.സഫ്റി എന്നിവർ മാർച്ചിനു നേതൃത്വം നൽകി.