തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവ്; വിദഗ്ധ സമിതിയുടെ അന്വേഷണം തുടരുന്നു

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ വിദഗ്ധ സമിതിയുടെ അന്വേഷണം തുടരുന്നു. അന്വേഷണം റിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രിക്ക് സമർപ്പിക്കും. ചികിത്സ പിഴവിനെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സുമയ്യ, ആരോപണ വിധേയനായ ഡോക്ടർ തുടങ്ങിയവർ വിപുലീകരിച്ച വിദഗ്ധസമിതിക്ക് മുന്നിൽ ഹാജരായിരുന്നു.

നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കാനുള്ള ശ്രമം നടത്താനും മെഡിക്കൽ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. മെഡിക്കൽ രേഖകൾ പരിശോധിച്ചതിനുശേഷമാണ് ബോർഡ് അംഗങ്ങൾ നടത്തിയ ചർച്ചയിൽ, ഗൈഡ് പുറത്തെടുക്കാനുള്ള സാധ്യത തേടാൻ തീരുമാനിച്ചത്. സുമയ്യയും കുടുംബവും മെഡിക്കൽ ബോർഡിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതി മൊഴിയെടുപ്പ് പൂർത്തിയാക്കിയത്.

രണ്ടര വർഷമായി നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളുടെ തെളിവുകളും സ്വകാര്യ ആശുപത്രിയിലെ ചികിത്സ രേഖകളുമാണ് സുമയ്യ സമിതിയ്ക്ക് നൽകിയത്. സുമയ്യ പോലീസിന് നൽകിയ പരാതി കന്റോൺമെന്റ് എ.സി.പി അന്വേഷിക്കും. ചികിത്സ പിഴവുകളെ സംബന്ധിച്ച് ഡിവൈഎസ്പി റാങ്കിലുള്ളവർ അന്വേഷിക്കണമെന്നതിനാലാണ് പരാതി എ.സി.പിക്ക് കൈമാറിയത്. 2023 ൽ നടന്ന തൈറോയിഡ് ശാസ്ത്രക്രിയയിലാണ് സുമയ്യയുടെ നെഞ്ചിൽ ശാസ്ത്രക്രിയക്ക് ഉപയോഗിച്ച ഗൈഡ് വയർ കുടുങ്ങിയത്.